
ദോഹ:മേഖലയിലെ പ്രമുഖ മോട്ടോർ സ്പോർട്സ് കേന്ദ്രമായ ലൂസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ (LIC) 'മോട്ടോ ജിപി ഖത്തർ എയർവേസ് ഗ്രാൻഡ് പ്രി 2026' പോരാട്ടങ്ങൾക്ക് ആവേശകരമായ തുടക്കം. നവംബർ 8 ഞായറാഴ്ച വരെ നീളുന്ന ഈ മാമാങ്കം, 2004-ൽ തുടക്കമിട്ടതിന് ശേഷം ലൂസൈലിൽ നടക്കുന്ന 22-ാമത് മോട്ടോ ജിപി ചാമ്പ്യൻഷിപ്പാണ്. നിലവിലുള്ള 1000cc എൻജിൻ റെഗുലേഷൻസിന് കീഴിൽ നടക്കുന്ന അവസാന സീസൺ കൂടിയായതിനാൽ, ലൂസൈലിലെ നൈറ്റ് റേസിലെ ഓരോ നിമിഷത്തിനും ആവേശം ഇരട്ടിയാണ്.
ആദ്യ ദിനത്തിലെ പരിശീലന പോരാട്ടങ്ങളുടെ അവസാനം മോട്ടോ ജിപിയിൽ പെർതാമിന എൻഡ്യൂറോ വിആർ46 റേസിംഗ് ടീമിന്റെ (Pertamina Enduro VR46 Racing Team) ഫാബിയോ ഡി ജിയാന്നന്റോണിയോ (Fabio Di Giannantonio) ചരിത്ര നേട്ടം കുറിച്ചു. 1’50.406 സെക്കൻഡിൽ ലാപ് പൂർത്തിയാക്കി താരം ലൂസൈൽ സർക്യൂട്ടിലെ എക്കാലത്തെയും വേഗമേറിയ ഓൾ-ടൈം ലാപ് റെക്കോർഡ് സ്വന്തമാക്കി. ഡുകാറ്റി ലെനോവോ ടീമിന്റെ മാർക്ക് മാർക്വേസ് (1'50.548) രണ്ടാമതും, അപ് ഏപ്രിൽ റേസിംഗിന്റെ മാർക്കോ ബെസെച്ചി (1'50.666) മൂന്നാമതുമെത്തി.റേസിംഗ് ഇടവേളയിൽ സംഘടിപ്പിച്ച ഓട്ടോഗ്രാഫ് സെഷനിൽ ആദ്യമെത്തിയ 200 ആരാധകർക്ക് മാർക്ക് മാർക്വേസ്, പെക്കോ ബാഗ്നയ, മാവെറിക് വിനെയ്ൽസ്, പെഡ്രോ അക്കോസ്റ്റ തുടങ്ങിയ പ്രമുഖ താരങ്ങളെ നേരിൽ കാണാനും ഒപ്പുകൾ സ്വന്തമാക്കാനും അവസരം ലഭിച്ചു.ലൂസൈൽ ഫാൻ സോണിൽ സന്ദർശകർക്കായി പരമ്പരാഗത കരകൗശല വസ്തുക്കൾ, ഹെന്ന, സുഗന്ധവ്യഞ്ജനങ്ങൾ, ഔദ് പ്രദർശനം, 'ദഹ്റൂയി' (Dahrooi) എന്ന പരമ്പരാഗത ഖത്തറി കളി തുടങ്ങിയവ ഉൾപ്പെടുത്തിയ കൾച്ചറൽ വില്ലേജും കുട്ടികൾക്കായുള്ള വിനോദ പരിപാടികളും ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്.ഇന്ന് നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ (Qualifying), മോട്ടോ2/മോട്ടോ3 ഹീറോ വാക്ക്, മോട്ടോ ജിപി ടിസ്സോട്ട് സ്പ്രിന്റ് (Tissot Sprint), ബിഎംഡബ്ല്യു എം ലാപ്സ് എന്നിവ നടക്കും. ഇന്നത്തെ വിജയിആഘോഷങ്ങൾക്കായി ഇതാദ്യമായി ഫാൻ സോണിൽ തന്നെ പ്രത്യേക പോഡിയം ഒരുക്കിയിട്ടുണ്ട്.നാളെ
മോട്ടോ ജിപി ഹീറോ വാക്ക്, ടോക്ക് ഷോ, മോട്ടോ3/മോട്ടോ2 പ്രധാന റേസുകൾ, ഉദ്ഘാടന ചടങ്ങ് എന്നിവയ്ക്ക് ശേഷം 22 ലാപ്പുകൾ നീളുന്ന ഗ്രാൻഡ് ഫിനാലെ മോട്ടോ ജിപി മത്സരം അരങ്ങേറും.










